മലപ്പുറം: വനം-വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നാട്ടാന പാപ്പാന്മാര്‍ക്ക് വേണ്ടി ഏകദിന ശില്പശാല നടത്തി. നാട്ടാനകളുടെ പരിപാലനം കാര്യക്ഷമമായി നടത്തുന്നതിനും നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ച് ആനകളെ എഴുന്നള്ളിക്കുന്നതിന് പാപ്പാന്മാരെ സജ്ജരാക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും അനുവദിച്ചതില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും പാപ്പാന്മാര്‍ക്കും ആന ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 320 കമ്മിറ്റികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ കമ്മറ്റിക്കും അനുവദിച്ച ആനകളുടെ എണ്ണം കൃത്യമായി പാലിക്കപ്പെടണമെന്നാണ് നിര്‍ദേശം. അരീക്കോട് വൈ.എം.എ ഹാളില്‍ നടത്തിയ ശില്‍പശാല മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് കെ.എ. മുഹമ്മദ് സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. ആനകളുടെ ശരിയായ പരിചരണത്തെക്കുറിച്ചും അസുഖങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും മലപ്പുറം ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.ശ്യാം ശില്പശാലയില്‍ വിശദീകരിച്ചു. 2013 നാട്ടാന പരിപാലന ചട്ടത്തെക്കുറിച്ചും ആനപ്പാപ്പാന്മാര്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍ ക്ലാസ്സെടുത്തു. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് പാപ്പാന്മാര്‍ക്കുള്ള സംശയനിവാരണവും നടത്തി. മുതിര്‍ന്ന ആനപ്പാപ്പാന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ ആനപരിപാലനത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. പാപ്പാന്മാരും ആന ഉടമസ്ഥരും പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനത്തില്‍ പങ്കെടുത്ത പാപ്പാന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി ദിവാകരനുണ്ണി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രമോദ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പ്രസന്നകുമാര്‍, യു.പി മുഹമ്മദ് റഫീഖ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.എസ് ശിവകുമാര്‍, എന്‍.എസ് ജിഷ്ണു തുടങ്ങിയവര്‍ സംബന്ധിച്ചു
A one-day workshop was conducted for the elephant fathers.